Renan Ozturk and Mark Synnott travel to Nepal with National Geographic to experience the last traditional honey harvest. Watch exclusive, behind the scenes footage of the harvest here ഹിമാലയം... മഹാദ്ഭുതങ്ങളുടെ മഹാമേരു. സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം മഞ്ഞിന്‍ മേലാപ്പണിഞ്ഞ് തലയുയർത്തി നിൽക്കുന്ന ഗിരിനിരകളിൽ ഒരായിരം രഹസ്യങ്ങൾ പതിയിരിക്കുന്നു. ഹിമാലയത്തിൽ എത്തുന്ന സഞ്ചാരികൾ മാത്രമല്ല സാഹസികർ. അവിടെ ജീവിക്കുന്ന ചിലമനുഷ്യരും അതിസാഹസികരാണ്.
ഒരു ഹിമാലയൻ യാത്രയിൽ നിശ്ചയമായും പരിചയപ്പെടേണ്ടവർ.. നേപ്പാളിലെ ഗുരംഗ് ഗ്രാമവാസികളാണ് ആ സാഹസികർ. ഹിമാലയത്തിലെ 'തേൻ വേട്ടക്കാർ' എന്നാണ് ഇവർ അറിയപ്പെടുന്നത്. മനുഷ്യന് ചെന്നെത്താൻ പ്രയാസമുള്ള കൊടുമുടികളിൽ തൂങ്ങിക്കിടക്കുന്ന രാക്ഷസ തേനീച്ചക്കൂട്ടിൽ നിന്ന് തേൻ ശേഖരിക്കുക എന്നാൽ കേവലം ഒരു സാഹസിക പ്രവർത്തി മാത്രമല്ല, ജീവൻ മരണ പോരാട്ടം കൂടിയാണ്.
പർവതാരോഹകർ ഉപയോഗിക്കുന്ന കയര്‍ കൊണ്ടുള്ള ഏണിയില്‍ തൂങ്ങിയാണ് ഈ തേൻശേഖരണം. മറ്റൊരു സുരക്ഷാ ക്രമീകരണവും ഉണ്ടാകില്ല. കൂടിന് ഒരു നിശ്ചിത അകലത്തിൽ പുകയിട്ട് തേനീച്ചകളെ തുരത്തും പീന്നീട് അറ്റം കൂർപ്പിച്ച മുളവടി ഉപയോഗിച്ച് തേൻ കുത്തിയെടുക്കും. തേൻശേഖരണത്തിനിടെ തേനീച്ചയുടെ ആക്രമണത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. അബദ്ധത്തിൽ കാൽവഴുതിയാല്‍ പതിക്കുന്നത് അഗാധമായ കൊക്കയിലായിരിക്കും വർഷത്തിൽ ഒരിക്കൽ ശരത്കാലത്താണ് തേൻവേട്ട. തേൻ ശേഖരണം ഗുരംഗ് ഗ്രാമവാസികളുടെട വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും ഭാഗമാണ്. മൃഗങ്ങളെ ബലി നല്‍കി, ഹിമവാന്റെ അനുഗ്രഹം വാങ്ങിയ ശേഷമാണ് തേൻവേട്ട. പർവതദേവന്റെ അനുഗ്രഹമുണ്ടെങ്കിൽ അപകടങ്ങൾ ഉണ്ടാകില്ലെന്നാണ് ഇവരുടെ വിശ്വാസം.
ലോകത്തിലെ ഏറ്റവും ഭീമാകാരനായ തേനീച്ചകളാണ് ഇവിടുള്ളത്. ഇവയുടെ തേനിന് ഔഷധ ഗുണം ഏറെയാണ്. രാക്ഷസ തേനീച്ചയുടെ തേൻ മുറിവിൽ പുരട്ടിയാൽ മുറിവു എളുപ്പത്തിൽ കരിഞ്ഞുപോകും. ദിവസവും രാവിലെ തേൻകഴിക്കുന്നവർക്ക് ഉദരസംബന്ധമായ അസുഖങ്ങൾ വരില്ല. നല്ലകാഴ്ച ശക്തിയും ആരോഗ്യവും പ്രദാനം.ചെയ്യുന്നതാണ് ഈ തേനെന്നും ഗ്രാമവാസികൾ പറയുന്നു. ചൈന, ജപ്പാന്‍, കൊറിയ എന്നിവിടങ്ങളിലേക്കാണ് കാര്യമായി കയറ്റി അയക്കുന്നത്.
ഒരു വേട്ടയിൽ കുറഞ്ഞത് 20 കിലോഗ്രാം തേൻ വരെ ലഭിക്കും. ഒരുകിലോഗ്രാമിന് 1000 രൂപയോളം വില വരും. അൽപം തേൻ നുകർന്നാൽ.തന്നെ ലഹരിയാണ്. ഇതിനുകാരണമായി പറയുന്നത് ഈ രാക്ഷസ തേനീച്ചകൾ ഹിമാലയത്തിലെ മനംമയക്കുന്ന സുഗന്ധമുള്ള ചില പ്രത്യേക പൂക്കളിലെ തേൻ കുടിക്കുന്നതാണത്രേ.
ഗുരംഗ് ഗ്രാമവാസികൾക്ക് മാത്രമേ ഈ തേൻശേഖരണത്തിനുള്ള അവകാശമുള്ളൂ. തേന്‍വേട്ടകാണാൻ നേപ്പാളീ സർക്കാർ സഞ്ചാരികൾക്ക് അവസരം ഒരുക്കുന്നുണ്ട്. ഒരു വേട്ട മുഴുവനായി കാണാൻ സഞ്ചാരികളിൽ നിന്ന് കുറഞ്ഞത് പതിനാറായിരം രൂപ ഈടാക്കും. പരമ്പരാഗത വേട്ടക്കാർ ഇപ്പോൾ നാമമാത്രമാണ്. പുതുതലമുറയിൽ ഭൂരിഭാഗവും തേൻവേട്ട പഠിക്കാൻ തയ്യാറല്ല. ഹിമാലയത്തിലെ തേൻമലകളെയും വേട്ടക്കാരെയും കാണാനുള്ള യാത്ര തീര്‍ച്ചയായും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും സമ്മാനിക്കുക
0 Comments