
"ഗോതമ്പുപാടങ്ങളെക്കൂടാകെ ധാരാളം ലിച്ചിപ്പഴത്തോട്ടങ്ങള്‍ നിറഞ്ഞ ഒരു ഗ്രാമം. കൃഷി മുഖ്യതൊഴിലായ ആ ഗ്രാമത്തില്‍ ഒരു വൈകുന്നേരം ഓരോ വീടുകളില്‍ നിന്നും നിലവിളിയുയര്‍ന്നു. ബോധക്ഷയം വന്ന കുട്ടികളെ ചുമലിലേറ്റി കുടിലുകളില്‍ നിന്ന് അച്ഛനമ്മമാര്‍ ഇറങ്ങിയോടി...ആസ്പത്രിയിലെത്തിച്ച ശേഷവും അതിന് മുന്‍പും കുഞ്ഞുങ്ങളിലോരോരുത്തരായി മരിച്ചുവീണു. മരണകാരണം ഏറെക്കാലം അഞ്ജാതമായി, വര്‍ഷങ്ങളോളം സംഭവം ആവര്‍ത്തിക്കപ്പെട്ടു. ഏറെക്കാലംകഴിഞ്ഞാണ് മരണത്തിന്റെ ഉറവിടം കണ്ടെത്തിയത്. അത് ഗ്രാമത്തിന് ഏറെ പ്രിയപ്പെട്ട ആ പഴമായിരുന്നു........."
ഇതൊരു സാങ്കല്‍പ്പിക ഗ്രാമത്തില്‍ നടന്ന കെട്ടുകഥയല്ല. മറിച്ച് 2014ല്‍ മുസാഫര്‍പൂരില്‍ നൂറോളം കുട്ടികളുടെ ജീവന്‍ കവര്‍ന്ന ലിച്ചിപ്പഴത്തിന്റെ കഥയാണ്. സാമൂഹികമാധ്യമങ്ങളില്‍ ഈയിടെ തുടര്‍ച്ചയായി വരുന്ന ലിച്ചിപ്പഴത്തിന്റെ കെട്ടുകഥകള്‍ സത്യമാണോയെന്ന് ഈ സംഭവം വിരല്‍ ചൂണ്ടുന്നു..
എല്ലാ വര്‍ഷവും ഒരു പ്രത്യേക കാലയളവില്‍ അതായത് മെയ് മാസം പകുതിയിലാണ് പ്രദേശത്തെ കുട്ടികളില്‍ അമിതമായ ക്ഷീണം കാരണം ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.കത്തുന്ന വേനല്‍ച്ചൂടില്‍ തലേന്നു രാത്രി ഉറങ്ങാന്‍ക്കിടക്കുമ്പോള്‍ വരെ യാതൊരു കുഴപ്പവുമില്ലായിരുന്ന കുഞ്ഞുങ്ങളേയും ചുമലിലേന്തി അച്ഛനമ്മമാര്‍ ആസ്പത്രിയിലേക്ക് കുതിച്ചു. ക്ഷീണിച്ച് തളര്‍ന്ന ആ കുട്ടികളോരോരുത്തരായി ബോധം നഷ്ടപ്പെട്ട് കോമ സ്റ്റേജിലേക്ക് വഴുതി വീണുകൊണ്ടിരുന്നു.അഞ്ജാതമായ ഒരു കാരണത്താല്‍ തങ്ങളുടെ മക്കള്‍ കണ്‍മുന്നില്‍ മരിച്ചുവീഴുന്ന അവസ്ഥയില്‍ പ്രതികരിക്കാനാകാതെ നിസ്സഹായരായി നിന്ന മാതാപിതാക്കളില്‍ നിന്ന് രോഗവിവരം തിരക്കാനും ആരോഗ്യവിദഗ്ധര്‍ക്കായില്ല.
എന്നാല്‍ ഗോതമ്പുപാടങ്ങള്‍ വീണ്ടും തളിര്‍ത്തു കൊണ്ട് മണ്‍സൂണ്‍ എത്തുന്നതോടെ കുഞ്ഞുങ്ങളെല്ലാം വീണ്ടും ആരോഗ്യംപ്രാപിച്ചു തുടങ്ങി.ഇത് വായിച്ചറിഞ്ഞ ഇന്ത്യന്‍ എപ്പിഡെമിക് ഇന്‍ന്റലിജെന്‍സ് സര്‍വ്വീസിലെ ഡോ.രാജേഷ് യാദവ് മുസാഫര്‍പൂറിലേക്ക് യാത്ര തിരിച്ചു. ചൂടിന്റെ കാഠിന്യം, എലി, വവ്വാല്‍ തുടങ്ങിയവയില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഇന്‍ഫെക്ഷന്‍, പ്രദേശത്ത് ഉപയോഗിച്ച് വരുന്ന കീടനാശിനിയുടെ പ്രത്യാഘാതം തുടങ്ങി നിരവധി നിഗമനങ്ങളില്‍ പ്രാഥമിക അന്വേഷണം ചെന്നെത്തി.
എന്തുകൊണ്ടാണ് ഒന്നിലധികം കുട്ടികളുളള ഒരു കുടുംബത്തില്‍ എല്ലാവരെയും ഇത്തരമൊരു രോഗം ബാധിക്കാത്തത് മറിച്ച് ഓരോ വീട്ടിലേയും ഒരാളെ മാത്രം ബാധിക്കുന്നെന്ന ചോദ്യം ഈ നിഗമനത്തിന്റെ ശാസ്ത്രീയതയ്ക്ക് ഒരു ചോദ്യചിന്ഹമായി.അപ്പോഴാണ് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് ദി ഇന്ത്യ ഓഫീസ് ഓഫ് ദി സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ ഇന്‍ അറ്റാലാന്റിയ അവരുടെ മാഗസിനില്‍ ഇത്തരമൊരു രോഗത്തിന് പിന്നിലെ വില്ലന്‍ പ്രദേശത്ത് വളരെ സുലഭമായി ലഭിക്കുന്ന ലിച്ചിപ്പഴമാണെന്ന വിലയിരുത്തല്‍ നടത്തിയത്.
ഇതിനെ തുടര്‍ന്ന് കുട്ടികള്‍ വൈകുന്നേരങ്ങളില്‍ നന്നായി ആഹാരം കഴിക്കുന്നുണ്ടെന്നും ലിച്ചിപ്പഴം കഴിക്കുന്നില്ലെന്ന് ഉറപ്പാക്കാനും ആരോഗ്യവിദഗ്ധര്‍ മാതാപിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം നൂറില്‍ നിന്ന് അമ്പതായി കുറഞ്ഞു. മുന്‍പ് രോഗം ബാധിച്ച നൂറ് പേരോടും അവര്‍ കഴിച്ച ഭക്ഷണം മുതല്‍ രോഗം ബാധിക്കുന്ന വേളയില്‍ ചെയ്ത പ്രവൃത്തികളെക്കുറിച്ചും സന്ദര്‍ശിച്ച ഇടങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തി.
തലച്ചോറിന് വീക്കമുണ്ടാക്കുന്ന എന്‍സിഫലോപ്പത്തി എന്ന ഒരു തരം ഇന്‍ഫെക്ഷനാണ് കുട്ടികളെ ബാധിച്ചതെന്നായിരുന്നു പിന്നീട് ആരോഗ്യവിദഗ്ധര്‍ എത്തിച്ചേര്‍ന്ന നിഗമനം.എന്നാല്‍ സാധാരണരീതിയില്‍ ശരീരത്തെ എന്‍സിഫലോപ്പത്തി ബാധിക്കുമ്പോള്‍ പ്രത്യക്ഷപ്പെടാറുളള ലക്ഷണങ്ങളായരക്തത്തില്‍ ശ്വേതരക്താണുക്കളുടെ അളവില്‍ കുറവ് ഉണ്ടാകുക, പനി എന്നിവ രോഗബാധിതരായ കുട്ടികളില്‍ പ്രത്യക്ഷമായിരുന്നില്ല. എന്നാല്‍ രോഗബാധിതരായ കുട്ടികളില്‍ മിക്കവരുടേയും രക്തത്തിലേ ഗ്ലൂക്കോസിന്റെ അളവ് അപകടകരമാം വിധത്തില്‍ കുറവായിരുന്നു.
അപ്പോഴാണ് 2013ല്‍ ജമൈക്കന്‍ വൊമിറ്റിങ് എന്ന രോഗം അറ്റ്‌ലാന്റയില്‍ പടര്‍ന്നത്. മുസാഫര്‍പൂറില്‍ നടന്നതിന് സമാനമായ അത്തരമൊരു രോഗഭീതിയുടെ ഉറവിടം പ്രദേശത്ത് സുലഭമായതും അമിതമായ തോതില്‍ ഹൈപ്പോഗ്‌ളൈസിന്‍ അടങ്ങിയതുമായ ഒരു പഴമാണെന്ന വാര്‍ത്ത വന്നത്. ഇതിനെ തുടര്‍ന്നാണ് മുസാഫര്‍പൂറില്‍ സുലഭമായി ലഭിക്കുന്നതും കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടതുമായ ലിച്ചിപ്പഴത്തിലേക്ക് പ്രദേശവാസികളുടെ സംശയദൃഷ്ടി ചെന്നു പതിഞ്ഞത്. തുടര്‍ന്ന് 2014ല്‍ നടത്തിയ വിശദമായ ലബോറട്ടറി പരീക്ഷണത്തില്‍ ലിച്ചിപ്പഴത്തിലും അമിതമായ അളവില്‍ ഹൈപ്പോഗ്ലൈസിന്‍ അടങ്ങിയതായി കണ്ടെത്തിയത്. കൂടാതെ ശരീരത്തിന് ദോഷകരമായ മെഥലീന്‍സൈക്ലോപ്രൊപെയില്‍ ഗ്ലിസറിന്റെ സാന്നിധ്യവും ലിച്ചിപ്പഴത്തില്‍ കണ്ടെത്തിയിരുന്നു.ഇതോടെ ആ അഞ്ജാത രോഗത്തിന്റെ ചുരുളഴിയുകയായിരുന്നു.
നടന്നുനീങ്ങവെ ഓരോ നൂറുമീറ്റര്‍ ചുററളവിനുളളിലും ഓരോ ലിച്ചിത്തോട്ടം വീതം കാണപ്പെടുന്ന രാജ്യത്തെ ലിച്ചിപ്പഴത്തിന്റെ 70 ശതമാനത്തോളം ഉത്പാദിപ്പിക്കപ്പെടുന്ന മുസാഫര്‍പൂരില്‍ കുട്ടികളുടെ ലിച്ചിപ്പഴത്തോടുളള ഇഷ്ടം ഇല്ലാതാക്കുക എന്നത് ഒരു വെല്ലുവിളിയായി മാതാപിതാക്കള്‍ ഏറ്റെടുത്തു. കുട്ടികള്‍ക്ക് നേരത്ത് ആഹാരം കൊടുക്കാനും ലിച്ചിപ്പഴം അമിതമായി കഴിക്കുന്നത് തടയാനും രക്ഷിതാക്കള്‍ മുന്‍കൈയെടുത്തതോടെ രോഗം പതുക്കെ അപ്രത്യക്ഷമാകാനും തുടങ്ങി. കൂടുതല്‍ ഗവേഷണപഠനങ്ങള്‍ നടന്നു വരുന്നുണ്ടെങ്കിലും അമിതമായ അളവില്‍ ലിച്ചി കഴിക്കുന്നത് ശരീരത്തിന് ഏറെ ദോഷം ചെയ്യുമെന്ന നിഗമനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഇപ്പോഴും ആരോഗ്യവിദഗ്ധര്‍.
0 Comments