
ലോകാദ്ഭുതങ്ങളിൽ ഒന്നായ ഈഫൽ ടവറിനും ഇടിമിന്നലേറ്റു. ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ കനത്ത മഴയ്ക്കിടയിലാണ് ഇടിമിന്നലേറ്റത്. മെയ് മാസം മാത്രം പാരിസിൽ 147,981 മിന്നലുകൾ ഉണ്ടായതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഈ ദിവസം നിരവധി തവണ ഈഫൽ ടവറിന് മിന്നലേറ്റതായും അതിനു മുകളിൽ സ്ഥാപിച്ചിരിക്കുന്ന മിന്നൽ രക്ഷാചാലകം അഥവാ അയൺ റോഡുകൾ മിന്നലിനെ നിർവീര്യമാക്കിയതായും കാലാവസ്ഥാവിഭാഗം വ്യക്തമാക്കി. ഒരു വർഷത്തിൽ 10 തവണയെങ്കിലും ഈഫൽ ടവറിന് ഇടിമിന്നലേൽക്കാറുണ്ട്. എന്നാൽ ഇതാദ്യമായാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

മേഘങ്ങളിൽ നടക്കുന്ന വൈദ്യുതി ചാർജുകളുടെ പ്രവാഹമാണു മിന്നൽ എന്നു ശാസ്‌ത്രീയമായി പറയാം. അല്ലെങ്കിൽ മേഘങ്ങളുടെ ഘർഷണത്തിൽ നിന്നുണ്ടാകുന്നതാണു മിന്നൽ. ഈ വൈദ്യുതിപ്രവാഹത്തിന്റെ ഫലമായി ഇടിയുമുണ്ടാകുന്നു. മിന്നലിനെ ശാസ്‌ത്രീയമായി രണ്ടായി വേർതിരിച്ചിട്ടുണ്ട്. മേഘങ്ങൾക്കിടയിൽ സംഭവിക്കുന്നതും മേഘത്തിനും ഭൂമിക്കുമിടയിൽ സംഭവിക്കുന്നതും. വൈദ്യുതിപ്രവാഹം മേഘങ്ങൾക്കിടയിൽ പ്രവഹിക്കുന്നതു നമുക്കു ദോഷം ചെയ്യില്ല. എന്നാൽ മേഘങ്ങളിൽ നിന്ന് ഈ പ്രവാഹം ഭൂമിയിലേക്കാണു സഞ്ചരിക്കുന്നതെങ്കിൽ അപകടഭീഷണിയുണ്ടാകുന്നു. ഭൂമിയുടെ പ്രതലത്തിൽ നിന്ന് ഉയർന്നു നിൽക്കുന്ന വസ്‌തുക്കളിൽ മിന്നലേൽക്കാൻ സാധ്യത കൂടുതലാണെന്നതാണ് അപകടഭീഷണിയുണ്ടാക്കുന്നത്.
മനുഷ്യനും മൃഗങ്ങൾക്കും ജീവഹാനി വരെ വരുത്തി വയ്‌ക്കുന്നതാണു മിന്നൽ. മരങ്ങൾ, കെട്ടിടങ്ങൾ, വൈദ്യുതോപകരണങ്ങൾ തുടങ്ങിയവയുടെ നാശത്തിനും ഇവ കാരണമാകുന്നു. അമിതമായ വൈദ്യുതി പ്രവാഹമാണു മിന്നലിനെ വിനാശകാരിയാക്കുന്നത്. ഇവയിൽ നിന്നുള്ള അപകടങ്ങൾ അവിചാരിതമാണെങ്കിലും.
ചരിത്ര ചാലകം
മിന്നലിന്റെ അപകടഭീഷണിയൊഴിവാക്കാൻ നമുക്കു മുൻകരുതലുകൾ സ്വീകരിക്കാൻ കഴിയും. ശാസ്‌ത്രത്തിന്റെ വളർച്ചയിൽ മിന്നലിൽ നിന്നു രക്ഷനേടാനുള്ള ഉപകരണങ്ങളെ കുറിച്ചു വിശദമായ പഠനങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. കെട്ടിടത്തിനു മുകളിൽ ഇന്ന് ഉപയോഗിക്കുന്ന മിന്നൽരക്ഷാ ചാലകങ്ങൾ നൂറ്റാണ്ടുകൾക്കു മുൻപു ഫലപ്രദമായി ഉപയോഗിച്ചിരുന്നവയാണെന്നാണു നിഗമനം.
0 Comments