കുഞ്ഞിനു നല്ലത് മാത്രം വരണം എന്ന് വിചാരിച്ചാണ് മാതാപിതാക്കള്‍ എല്ലാം ചെയ്യുന്നത്. എന്നാല്‍ ചിലപ്പോള്‍ അറിഞ്ഞോഅറിയാതെയോ നിത്യജീവിതത്തില്‍ നമ്മള്‍ പുലര്‍ത്തുന്ന ചില ശീലങ്ങള്‍ കുഞ്ഞിന്‍റെ ശാരീരികമാനസിക വികാസത്തിന് പ്രതികൂലമായി തീര്‍ന്നേക്കാം. അങ്ങനെ വിദഗ്ദര്‍ വിലയിരുത്തുന്ന നാല് കാര്യങ്ങള്‍ .
കുട്ടിയെ വൈകി ഉറങ്ങാന്‍ അനുവദിക്കുക.
രാവിലെ കുട്ടി കൃത്യസമയത്ത് എണീക്കണം എന്നത് പലര്‍ക്കും നിര്‍ബന്ധമുള്ള കാര്യമാണ്, എന്നാല്‍ അവരെ കൃത്യസമയത്ത് ഉറക്കാന്‍ കിടത്തുന്നതില്‍ നമ്മള്‍ ഉപേക്ഷ വിചാരിക്കാറുണ്ട്. . അഞ്ചുമുതല്‍ പന്ത്രണ്ടു വയസ്സ് വരെയുള്ള കുഞ്ഞുങ്ങള്‍ ദിവസവും പതിനൊന്നോ പന്ത്രണ്ടോ മണിക്കൂര്‍ ഉറങ്ങേണ്ടതുണ്ട് എന്ന് വിദഗ്ദര്‍ പറയുന്നു. ഒരു ടീനേജര്‍ കുറഞ്ഞത് എട്ടര മണിക്കൂര്‍ ഉറങ്ങിയിരിക്കണം. അതായതു , രാവിലെ ഏഴ് മണിക്ക് ഉണരേണ്ട പതിനഞ്ചു വയസ്സുകാര്‍ രാത്രി പത്തരയ്ക്ക് മുന്നേ ഉറങ്ങാന്‍ കിടന്നിരിക്കണം. അതുപോലെ രാവിലെ ഏഴ് മണിക്ക് എഴുന്നെല്‍ക്കേണ്ട പത്തുവയസ്സുകാര്‍ രാത്രി എട്ടു മണിക്ക് ഉറങ്ങിയിരിക്കണം.ആവശ്യത്തിനു ഉറക്കം ലഭിക്കാത്തത് അവരുടെ ബുദ്ധിവളര്‍ച്ചയെയും കാര്യക്ഷമതയെയും ഒക്കെ ബാധിക്കും. പ്രത്യേകിച്ച് രാവിലെ ഷിഫ്റ്റില്‍ സ്കൂളില്‍ പോകുന്ന കുട്ടികളെ നേരത്തെ പഠനം തീര്‍ത്തു , അത്താഴം കഴിപ്പിച്ചു കിടത്താന്‍ പാകത്തിന് ഒരു ടൈം ടേബിള്‍ ഉണ്ടാക്കാം. രാത്രിയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം സുഗമമായ ഉറക്കത്തെ ബാധിക്കും. അതുകൊണ്ട് തന്നെവൈകുന്നേരം ആറു മണി കഴിഞ്ഞാല്‍ ടിവി കംപ്യുട്ടര്‍ എന്നിവയുടെ ഉപയോഗത്തിന് കര്‍ശനനിയന്ത്രണം കൊണ്ടുവരാം.
പുറത്തുനിന്ന് ഭക്ഷണം
ജീവിതത്തിരക്കുകള്‍ കൊണ്ട് മാത്രമല്ല കുട്ടിയുടെ താല്പര്യം കാരണവും പലരും പലപ്പോഴും ഭക്ഷണം പുറത്ത് നിന്ന് ആക്കാറുണ്ട്. ചിലപ്പോള്‍ ഇന്‍സ്റ്റന്റ് നൂഡില്‍സോ ബേക്കറി പലഹാരങ്ങളോ ഒക്കെ മതി എന്ന് വാശിപിടിക്കുന്ന കുട്ടിയെ സമാധാനിപ്പിക്കാന്‍ അതൊക്കെയാവും നാലുമണിപലഹാരമായും പ്രാതല്‍ ആയും കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നത്. വയറു നിറയാന്‍ അല്ലാതെ , ആവശ്യമുള്ള പോഷണങ്ങള്‍ കുട്ടിയ്ക്ക് കിട്ടാന്‍ ഇവ സഹായിക്കില്ല. പോരാത്തതിന്’ ഇവയില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. പുറത്ത് നിന്ന് വാങ്ങുന്ന ഭക്ഷണം ആഴ്ചയില്‍ ഒരിക്കലോ, മാസത്തില്‍ രണ്ടു തവണയോ ആയി പരിമിതപ്പെടുത്തുക.ഫാസ്റ്റ് ഫുഡും ബേക്കറി പലഹാരങ്ങളും പരമാവധി ഒഴിവാക്കി ആരോഗ്യകരമായ സ്നാക്സ് വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ ശ്രമിക്കുക.
ഹോംവര്‍ക്ക് ചെയ്തു കൊടുക്കല്‍
കുഞ്ഞുങ്ങളുടെ നന്മ കരുതി നമ്മള്‍ ചെയ്യുന്ന പലകാര്യങ്ങളും ഫലത്തില്‍ വിനയാകാറുണ്ട്. അതിലെ മുഖ്യയിനം ആണ് ഹോംവര്‍ക്ക് ചെയ്തു കൊടുക്കല്‍. കുഞ്ഞുങ്ങള്‍ സ്വയം ചെയ്യേണ്ട പ്രൊജക്റ്റ് പോലും പലപ്പോഴും അച്ഛനും അമ്മയും ആയിരിക്കും ചെയ്തു കൊടുക്കുന്നത്. ആ പ്രോജക്റ്റില്‍ കുഞ്ഞിനു കുറച്ചു മാര്‍ക്ക് കൂടാം എന്നല്ലാതെ വേറെ ഒരു ഉപകാരവും അത് കൊണ്ട് ഉണ്ടാവില്ല എന്ന് മാത്രമല്ല അനവധി ദോഷങ്ങള്‍ അതിനു ഉണ്ട് താനും. ഹോംവര്‍ക്ക് സ്വയം ചെയ്യുമ്പോള്‍ ഉണ്ടാവുന്ന കാര്യപ്രാപ്തിയും അക്കാദമിക് ബോധവും മാതാപിതാക്കള്‍ ഇടപെട്ടാല്‍ ഉണ്ടാവില്ല. മാത്രമല്ല മടിയും ഉത്തരവാദിത്വമില്ലായ്മയും ഒക്കെ കുഞ്ഞിനെ ബാധിക്കാം. അപ്പോള്‍ പിന്നെ സഹായിക്കേണ്ടത് എങ്ങനെയോക്കെയാണ്? ഹോം വര്‍ക്ക് മനസ്സിലാക്കിയെടുക്കാന്‍ അവരെ സഹായിക്കാം. ചെയ്യേണ്ട രീതികളെ കുറിച്ച് അവര്‍ക്ക് പറഞ്ഞു കൊടുക്കുന്നതിനു പകരം ആ രീതികള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ചോദ്യങ്ങള്‍ അവരോടു ചോദിക്കാം. ഇനി കുഞ്ഞിനു ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെങ്കില്‍ തന്നെ അവര്‍ക്ക് അത് പൂര്‍ത്തിയാക്കി കൊടുക്കരുത്. പകരം അതിനെ കുറിച്ച് കുഞ്ഞിന്‍റെ ടീച്ചറിനോട് സംസാരിക്കാം.
തല്ല് കൊടുക്കല്‍
കുഞ്ഞു നന്നായി വളരണമെങ്കില്‍ തല്ലി വളര്‍ത്തണം എന്ന തെറ്റിധാരണ രൂക്ഷമാണ് ഇന്ത്യയില്‍. എന്നാല്‍ മനശാസ്ത്രം എന്ന ശാഖയുണ്ടായ നാള്‍ മുതല്‍ ഇന്ന് വരെ ഈ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന വിദഗ്ദര്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്നു. അടി കിട്ടുമ്പോള്‍ കുഞ്ഞു ഒരുപക്ഷെ ചെയ്യുന്ന തെറ്റ് കുറച്ചു നാള്‍ ആവര്‍ത്തിക്കാതെ ഇരിക്കാം എങ്കിലും അടി കൊണ്ട് ഉണ്ടാവുന്ന ദൂഷ്യ ഫലങ്ങള്‍ ഏറെയാണ്. അടി കിട്ടി വളരുന്ന കുഞ്ഞുങ്ങളില്‍ അക്രമവാസന , വിഷാദരോഗം, വ്യക്തിത്വവൈകല്യങ്ങള്‍ എന്നിവ വരാനുള്ള സാധ്യത വളരെ കൂടുതല്‍ ആണ്. അടികൊടുക്കരുത് എന്ന് പറയുന്നത് അച്ചടക്കം ശീലിപ്പിക്കരുത് എന്ന അര്‍ഥത്തില്‍ ഇല്ല. ഒഴിവാക്കേണ്ട സ്വഭാരീതികള്‍ കുഞ്ഞിനു കാര്യകാരണ സഹിതം കുഞ്ഞിനു പറഞ്ഞു മനസ്സിലാക്കി കൊടുക്കാം. ആവര്‍ത്തിച്ച് പറഞ്ഞിട്ടും കേട്ടില്ലെങ്കില്‍ ശാരീരികമല്ലാതെ ശിക്ഷിക്കാം. ഉദാഹരണത്തിന് കുട്ടിയ്ക്ക് പ്രിയപ്പെട്ട ടിവി പരിപാടി കാണാന്‍ അനുവദിക്കാതെ ഇരിക്കുക എന്നിവ.
Source: Mathruboomi
0 Comments